Wednesday, 20 February 2013

ente diarikal - A Malayalam Short Story

എന്റെ ഡയറികള്‍ .... 





" രേഷ്മേ  ....  നീ വന്നു ദോശ കഴിച്ചേ ........ "

രാവിലെ ഇത്ര നേരമായിട്ടും ഒന്നും കഴിച്ചിട്ടില്ല . ഒന്നിനും ഒരു ഉത്സാഹവും തോന്നുന്നില്ല . രാവിലെ നേരത്തെ എഴുന്നേറ്റു അമ്പലത്തില്‍ പോയിരുന്നു . മനസ്സിനെന്തോ വല്ലാത്ത ഒരു അസ്വസ്ഥത . കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ എന്റെ വിവാഹമാണ് . വിനോദ് .. അതാണ് പയ്യന്റെ പേര് . ബംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് . നല്ല കുടുംബം നല്ല പയ്യന്‍ കല്യാണം ഉറപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം.....

" രേഷ്മേ .... ഈ  പെണ്‍കുട്ടിയുടെ ഒരു കാര്യം .  വന്നു വല്ലതും കഴിക്കുന്നുണ്ടോ നീ  ...  ഇവിടെ നൂറു കൂട്ടം പണികളുണ്ട്‌ . "

ഒന്നും കഴിക്കാന്‍ തോന്നുന്നില്ലെങ്കിലും ചെന്നു . ദോശ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു .  നല്ല സന്തോഷത്തിലിരിക്കേണ്ട സമയമാണ് ഇപ്പോള്‍ . വീട്ടിലാണെങ്കില്‍ ആകേ  ബഹളമാ.... ബന്ധുക്കള്‍ പലരും എത്തിക്കഴിഞ്ഞു .  കല്യാണത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണ് .  അമ്മായി ഇന്ന് വരും . നാളെ സ്വര്‍ണം വാങ്ങാന്‍ പോകണമെന്ന് പറഞ്ഞിട്ടുണ്ട് . എല്ലാവരും സന്തോഷത്തിലാണ് .

എന്റെ മനസ്സ് മാത്രം എന്തേ ഇങ്ങനെ അസ്വസ്ഥമായിരിക്കുന്നെ . കല്യാണത്തിനു ഇഷ്ടമല്ലാഞ്ഞിട്ടോ വിനുവേട്ടനെ ഇഷ്ടമാല്ലഞ്ഞിട്ടോ ഒന്നും അല്ല . ഒരു  കല്യാണ  പെണ്ണിന്റെ മനസ്സോടെ തന്നെ ഞാനും ഓടി നടക്കുകയായിരുന്നു . പക്ഷെ , അമ്മയും ചെറിയമ്മയും എന്നോട് എന്റെ ഡയറികല്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ ഞാന്‍ ആകേ അസ്വസ്ഥയായി .

എന്റെ ഡയറികല്‍  അതെനിക്ക് വിലപ്പെട്ടതാണ്‌ .  ഞാന്‍ വലിയ എഴുത്തുകാരിയൊന്നും അല്ല . ഇന്ന് വരെ ഒരു കഥയോ കവിതയോ ഞാന്‍ എഴുതിയിട്ട് പോലും ഇല്ല . എന്നാലും എന്നും ഡയറി  എഴുതും . പത്താം ക്ലാസ്സ്‌  കഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയ ശീലമാണ് . അതിനും ഇപ്പോള്‍ വിലക്ക് വീണിരിക്കുകയാണ് . വിവാഹം കഴിഞ്ഞാല്‍ തല്കാലത്തേക്ക് ഡയറി എഴുത്തൊന്നും  വേണ്ട എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത് . എനിക്ക് പുറത്തു പറയാന്‍ കഴിയാത്ത പ്രണയമോ അടുപ്പമോ ഒന്നും ആരോടും ഉണ്ടായിട്ടില്ല . അത് അമ്മയ്ക്കും അറിയാം . എന്റെ ഡയറികല്‍ അത് മുഴുവന്‍ എന്റെ മനസ്സാണ് .....  എന്റെ ചിന്തകളും കുസൃതികളും  സ്വപ്നങ്ങളുമാണ് ....... അത് അമ്മയ്ക്കും അറിയാം . അമ്മ ഇടക്കൊക്കെ വായിച്ചു നോക്കിയിട്ടും ഉണ്ട് .

അവര്‍ പറയുന്നത് ശരിയാണ് . എന്റെ ഡയറി യില്‍ ഞാന്‍ എഴുതിയിരിക്കുന്ന കാര്യങ്ങളൊക്കെ വിനുവേട്ടന് മനസ്സിലായി കൊള്ളണമെന്നില്ല . അത് ശരി തന്നെയാ .... പക്ഷെ അത് നശിപ്പിക്കാന്‍ എന്റെ മനസ്സും കൂടി സമ്മതിക്കണ്ടേ .....

ഇന്നലെ രാത്രിയും കൂടി അമ്മ എന്നെ ഒര്മാപ്പെടുത്തിയെ ഉള്ളു ....  ഇനി നശിപ്പിക്കാതെ  നിവര്‍ത്തിയില്ല .  എനിക്ക്  ഏറ്റവും പ്രിയപ്പെട്ടതിനെയാണ് ഞാന്‍ നഷ്ടപ്പെടുത്താന്‍  പോകുന്നത് .
അതിനു മുന്‍പ് എല്ലാ ഒന്ന് കൂടി എടുത്തു വായിക്കട്ടെ  ...  നീണ്ട 7 വര്‍ഷങ്ങള്‍ ഞാന്‍ അറിഞ്ഞതും അനുഭവിച്ചതും   അറിഞ്ഞതും ചിന്തിച്ചതും സ്വപ്നം കണ്ടതുമെല്ലാം ഒന്നും കൂടി ഓര്‍ക്കട്ടെ .

പത്താം ക്ലാസ്സിന്റെ വെക്കേഷന്‍ സമയത്താണ് ഞാന്‍ ആദ്യമായി ഡയറി എഴുതി തുടങ്ങിയത് .  ആ പ്രായത്തിന്റെ എല്ലാ കുസൃതികളും ഈ ഡയറിയില്‍ ഉണ്ട് .

ആദ്യമയി കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പോയത് . കീബോഡില്‍ ആദ്യമായി തൊട്ടതു . അന്ന് തീരുമാനിച്ചതാണ് ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകണമെന്ന് . സുന്ദരനായ കമ്പ്യൂട്ടര്‍ സാറ് . അവിടെ വച്ച് കൂട്ട് കിട്ടിയ ചേച്ചിമാര്‍ .  ഞങ്ങള്‍ ഒന്നിച്ചു ഒപ്പിച്ച കുസൃതികള്‍ .  ആണ്കുട്ടികളെ അവര്‍ അറിയാ  തെ എങ്ങനെ നോക്കാം എന്ന്  എന്നെ പഠിപ്പിച്ചു തന്നത് അവരാണ് .

ഇനി +2  കാലം . നല്ല മാര്‍ക്സ് ഉണ്ടായതു കൊണ്ട് അഡ്മിഷന്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ നടന്നു . പിന്നെ പഠിപ്പിന്റെ കാലഘട്ടമായി .  ശരിക്കും ഒന്ന് ഉറങ്ങാന്‍ പോലും പറ്റാത്ത 2 കൊല്ലങ്ങള്‍ . 6 ദിവസം സ്കൂളില്‍ പോക്ക് . ഞായറാഴ്ച യിലെ എന്ട്രന്‍സ് ക്ലാസ്സ് . ഇതൊന്നും പോരാതെ ഉള്ള ടൂഷ്യന്‍ക്ലാസ്സ്‌ . ആകപ്പാടെ തിരക്ക് പിടിച്ചു ഓടിയ 2 കൊല്ലങ്ങല്‌. പഠിപ്പിന്റെ മുഴുവന്‍ കഷ്ടപ്പാടുകളും ഉണ്ട് ഇതില്‍ . ഇമ്പോസ്സിഷന്‍സ് , റെക്കോര്‍ഡ്‌ വര്‍ക്സ്‌ , ഹോം വര്‍ക്സ്‌ , ലാബ്‌ വര്‍ക്സ്‌ എല്ലാത്തിനെയും പറ്റി എഴുതിയിട്ടുണ്ട് .  ഇപ്പോള്‍ വായിക്കുമ്പോള്‍ കൂടി ടെന്‍ഷന്‍ ആകുന്നു  .

ഇനി എന്റെ കലാലയ ജീവിതത്തിലേക്ക് ... എഞ്ചിനീയറിംഗ് കോളേജ് .... എന്ട്രന്‍സ്കടമ്പ കടന്നു അഡ്മിഷന്‍ കിട്ടി. ഹോസ്റ്റലില്‍ നില്ക്കാന്‍ എനിക്ക് വലിയ പ്രശ്നമോന്നും തൊന്നിയില്ല.. ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ വീട് വല്ലാതെ നഷ്ടപ്പെടുന്നതായി തോന്നി .  അമ്മയെ കാണണം എന്ന് പറഞ്ഞു ഫോണിലൂടെ കരച്ചിലായി . അമ്മയും കരച്ചിലായി .  ഒറ്റ കുട്ടിയായി പുന്നാരിച്ചു വളര്‍ത്തിയതിന്റെ കുഴപ്പമായിരിക്കാം . ഒരു മാസം ഒക്കെ കഴിഞ്ഞപ്പോഴേക്കും അങ്ങനത്തെ പ്രശ്നങ്ങള്‍ ഒക്കെ മാറി . ഇതിനിടയില്‍ സീനിയേഴ്സിന്റെ ചില കുസൃതികള്‍ ഒക്കെ ഉണ്ടായിരുന്നു . ഹൊസ്റ്റെലിലും കോളേജിലും അവരെ വല്ലാതെ പേടിച്ചു നടന്ന കാലഘട്ടമായിരുന്നു അത് . അവര്‍ക്കുവേണ്ടി റെക്കോര്‍ഡ്‌ ഒക്കെ ഞങ്ങളാ എഴുതി കൊടുത്തത് . എന്റെ കയ്യക്ഷരം മുത്തുമണികള്‍ കോര്‍ത്ത്‌ വച്ചത് പോലെയാണെന്ന് പറഞ്ഞ അജയെട്ടനോട് എനിക്ക് തോന്നി ഒരു ചെറിയ ഇഷ്ടം ...  ഓരോ ദിവസവും കാണുമ്പോള്‍ എനിക്ക് ഉണ്ടായ സന്തോഷം എന്തായിരുന്നെന്നോ  . എല്ലാം ഞാന്‍ എഴുതി വച്ചിട്ടുണ്ട് . ആജയെട്ടന്‍ കോഴ്സ് പൂര്‍ത്തിയാക്കി പോയപ്പോള്‍ എനിക്ക് ഉണ്ടായ സങ്കടം . അതൊക്കെ വെറും കുറച്ചു മാസങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ . പാവം ചേട്ടന്‍ ഇതൊന്നും അറിഞ്ഞിട്ടും പോലും ഉണ്ടാവില്ല .

പിന്നെ ഞങ്ങളും സീനിയര്‍ സ്ടുടെന്റ്സ് ആയി ... ഞങ്ങള്‍ക്കും ജുനിയെര്‌സ് വന്നു . ഞങ്ങള്‍ അനുഭവിച്ച പല വിഷമങ്ങളും അവരും അനുഭവിച്ചു .  പിന്നെ ഞങ്ങള്‍ എല്ലാം നല്ല കൂട്ടായി .  എല്ലാവരും കൂടി രസകരമായ കാലഘട്ടം . കോളേജ് ഡേ , ടൂര്‍ , എക്സാംസ് , റകോര്‍ട്സ് , ഇന്റേണല്സ് ....  എല്ലാം ഭംഗിയായി കഴിഞ്ഞു ... ആഘോഷിച്ചും പഠിച്ചും അങ്ങനെ ഒരു കാലഘട്ടം കൂടി കഴിഞ്ഞു ...  എന്തൊരു പേടിയായിരുന്നു പ്ലയ്സിമെന്റ്റ് സമയത്ത് ..  ഞാനും ഒരു ജോലി നേടിയെടുത്തു . എന്തൊരു  സന്തോഷമായിരുന്നു .
ഇനി കുറച്ചു കാലം ജോലിയൊക്കെ ആയിട്ടു അടിച്ചു പൊളിച്ചു നടക്കാം എന്ന് വിചാരിച്ചതാണ് . അച്ഛന്‍ സമ്മതിച്ചതും ആണ് .

 എക്സാം കഴിഞ്ഞു ഞാന്‍ തകര്‍ത്ത് നടക്കുമ്പോഴാണ് വല്യച്ഛന്‍ വിനുവേട്ടന്റെ ആലോചനയും കൊണ്ട് വരുന്നത് . അച്ഛനും കേട്ടപ്പോള്‍ ഇഷ്ടമായി . പെണ്ണ് കാണാന്‍ വന്നപ്പോള്‍ എനിക്കും ഇഷ്ടപ്പെട്ടു .  പെണ്ണുകാണല്‍ ഞാന്‍ ശരിക്കും വര്നിച്ചെഴുതിയിട്ടുണ്ടേ ...  പിന്നെ കല്യാണം ഉറച്ചു ഫോണ്‍ വിളികള്‍ തുടങ്ങി .  അപ്പോഴാണ് വിനുവേട്ടന്‍ പറഞ്ഞത് ജോലിക്ക് തല്‍ക്കാലം ജോയിന്‍ ചെയ്യണ്ട എം . ടെക് . കൂടി എടുത്തോ എന്നിട്ട് മതി ജോലിക്ക് പോകുന്നതെന്ന് . ജോലിക്ക് പോയി തകര്‍ക്കാം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വിനുവേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് അത്ര വിഷമമൊന്നും തോന്നിയില്ല . ഞാനും അത് സമ്മതിച്ചു . ഗേറ്റ് എക്സാം എഴുതാന്‍ നോക്കാം...  പഠിക്കാം എന്നൊക്കെ ഞാനും പറഞ്ഞു .  വിനയേട്ടന്‍ എന്നും രാത്രിയാണ് വിളിക്കുന്നത്‌ .  ഇന്നലെ രാത്രി വിനുവേട്ടന്‍ വിളിക്കുമ്പോള്‍  ഞാന്‍ അകെ അസ്വ്സ്തയയിരുന്നു.. എന്തെ എന്ന് വിനുവേട്ടന്‍ ചോദിച്ചപ്പോള്‍ തലവെദനയാനെന്നു പറഞ്ഞു . സംസാരം നേരത്തെ അവസാനിപ്പിച്ചു കിടന്നു ... എന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. എന്റെ ചിന്തകള്‍ മുഴുവന്‍ എന്റെ കൂട്ടുകാരെ കുറിച്ചായിരുന്നു .. എന്റെ ഡയരികള്‍ അവര്‍ ശരിക്കും എന്റെ കൂട്ടുകാര്‍  മാത്രമല്ല എന്റെ ആത്മാവിന്റെ അംശം കൂടിയാണ്  ...

അങ്ങനെ എന്റെ ഡയറിയില  അവസാനം എഴുതിയ പേജും കൂടി കഴിഞ്ഞു . ഇനി ഇന്ന് മുതല്‍ ഞാന്‍ ഡയറി എഴുതില്ലല്ലോ . എന്റെ മനസ്സിലെ വികാരങ്ങളെ മുഴുവന്‍ ഒരു പിടി അക്ഷരങ്ങലിലാക്കി ഞാന്‍ പകര്‍ത്തി സൂക്ഷിച്ച എന്റെ ഡയറികല്‍  .  ഞാന്‍ അവയെ ചേര്‍ത്തു പിടിച്ചു . എന്റെ കഴിഞ്ഞു പോയ കാലങ്ങളെ മുഴുവന്‍ ഒരു സിനിമയിലെന്ന പോലെ ഞാന്‍ കണ്ടു . ഞാന്‍ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ എല്ലാ കാര്യങ്ങളെയും ഞാന്‍ ഒന്ന് കൂടി കണ്ടു അറിഞ്ഞു വീണ്ടു അനുഭവിച്ചു .

മണ്ണെണ്ണയും തീപീട്ടിയും എടുത്തു പറമ്പിലേക്ക് നടക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു .  എല്ലാ ഡയരികളും ഞാന്‍ താഴേക്കിട്ടു അതിലേക്കു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി . അഗ്നി ഞാന്‍ അനുഭവിച്ചു എല്ലാ വികാരങ്ങളെയും കാര്‍ന്നു തിന്നാന്‍ തുടങ്ങുന്നതു ഞാന്‍ കണ്ടു . എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല . ഞാന്‍ എന്റെ മുറിയിലേക്ക് പോയി . കട്ടിലി കിടന്നു കുറെ നേരം കരഞ്ഞു . കരഞ്ഞു കരഞ്ഞു ഒടുവില്‍ ഞാന്‍ നിര്‍വികാരയായി കിടന്നു .

മുട്റ്റത്തു കാറ് വന്നു നില്‍ക്കുന്ന ശബ്ദം . ജനലിലൂടെ പുറത്തേക്ക് നോക്കി . അമ്മായി വന്നതാണ് . ഇനി എന്നെ അന്വേഷിക്കും . ഞാന്‍ കുളിമുറിയിലേക്ക് പോയി . മുഖം കഴുകി കണ്ണാടിയിലേക്ക് നോക്കി . എന്റെ മുഖത്തിന്‌ എന്തോ മാറ്റം വന്ന പോലെ . എന്റെ മനസ്സിന്റെ ഭാരം കുറഞ്ഞ പോലെ . രണ്ടു ദിവസമായി ഞാന്‍ അനുഭവിച്ച വിഷമം മാറിയ പോലെ . എന്നില്‍ നിന്നും എന്തോ അടര്‍ന്നു പോയ പോലെ . എനിക്ക് തന്നെ ഒന്നും മനസ്സിലാകുന്നില്ല . 


"രേഷ്മേ ....  ഇതാരാ വന്നതെന്ന് നോക്കിക്കേ ....  "

ചെറിയമ്മ വിളിക്കുകുന്നു . ഞാന്‍ അങ്ങോട്ടേക്ക് നടന്നു . ഞാന്‍ നടന്നു കൊണ്ടിരിക്കുന്നത് ഇനി വേറെ ഒരു ലോകത്തേക്കാണ്‌ .  എന്റേത് മാത്രമായ ലോകം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു ഇനിയുള്ള ലോകം ഞങ്ങളുടേത് ആണ് ......  എന്റെയും വിനുവെട്ടന്റെയും ആണ്  .....  ഞങ്ങളുടെ ചിന്തകളും വികാരങ്ങളും വിചാരങ്ങളും സ്വപ്നങ്ങളും എല്ലാം ചേര്‍ന്നത്‌ .....





                                                                           Mrs. Anand Swarup


 

No comments:

Post a Comment